പത്തനംതിട്ട: ജില്ലയിലെ നദികളില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നതിന് പരിഹാരമായും, തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുവാനും നദികളിലെ മണല്‍ വാരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ. ദേശീയ കെട്ടിട നിർമാണ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ഐക്യദാര്‍ഢ്യ സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നദികളില്‍ വര്‍ഷങ്ങളായി മണ്ണ് അടിഞ്ഞുകൂടിയതു കാരണം വെള്ളം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് വെള്ളപ്പൊക്കം അതിരൂക്ഷമാകാന്‍ കാരണമാകുന്നത്. മണല്‍ വാരുന്നത് സര്‍ക്കാരിന് സാമ്പത്തിക ലാഭമുണ്ടാക്കും. കെട്ടിട നിർമാണം ഉള്‍പ്പെടെയുള്ള സാമ്പത്തിക ചെലവ് ഏറെ കുറയ്ക്കാൻ ഇടയാകുമെന്നും സതീഷ് കൊച്ചുപറന്പിൽ ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് ബിനു മരുതിമൂട്ടില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയിച്ചന് എഴിക്കകത്ത്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടി.ജി. നിഥിൻ, ഐഎൻടിയുസി ഭാരവാഹികളായ നാസര്‍ തോണ്ടമണ്ണില്‍, കൃഷ്ണകുമാര്‍ കോന്നി, മഹേഷ് കര്‍ത്തവ്യം, സജി തേക്കിടിയില്, സജി അമ്പലപ്പള്ളി, ഷിനു ചിറ്റാര്‍, ജോജിക്കുട്ടി, സാം കുട്ടി, അജയന്‍പിള്ള, സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.